24 മണിക്കൂറിനിടെ 2553 കൊവിഡ് രോഗികള്‍, 72 മരണം; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു

0
680

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 42,533 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2553 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

72 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1373 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് കേസുകള്‍ 12,000 കടന്നു. ഗുജറാത്തില്‍ 5400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4500 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം രാജ്യം ഇന്ന് മുതൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്. കൊവിഡ് രോഗബാധിതരുടെ എണ്ണം നാൽപതിനായിരവും കടക്കുമ്പോഴാണ് മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്നത്. ഈ മാസം 17 വരെയാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ രണ്ട് ഘട്ടത്തിൽ നിന്നും വിഭിന്നമായി കൂടുതൽ ഇളവുകളോടെയാണ് മൂന്നാംഘട്ടം ആരംഭിക്കുന്നത്. രോഗബാധയുള്ള മേഖലകൾ അടച്ചിടുകയും മറ്റ് മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്ന വിധത്തിലാണ് നിയന്ത്രണങ്ങൾ. രോഗബാധ കൂടുതലുള്ള മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലക്‌നൗ തുടങ്ങിയ 20 സ്ഥലങ്ങളിൽ കൂടുതൽ കേന്ദ്രസംഘങ്ങൾ ഇന്ന് നിരീക്ഷണത്തിന് എത്തും