മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു സ്ഥിതി അതീവ ഗുരുതരം;

0
337

മഹാരാഷ്ട്രയിൽ സ്ഥിതി വഷളാകുന്നു. 1008 പേർക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ 11,000 കടന്നു കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം . 26 പേരാണ് കൊവിഡ് മൂലം ഇന്ന് സംസ്ഥാനത്ത് മരിച്ചത്. പൂനെയിലും മുംബൈയിലും അതിരൂക്ഷമായി രോഗവ്യാപനം തുടരുകയാണ്. മുംബൈയിൽ പുതുതായി 751 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്നത്തേത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 11,506 ആയിരിക്കുന്നു .ഇന്ന് 26 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 485 ആയി.മുംബൈയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് . രോഗം സ്ഥിരീകരിച്ചത് 751 പേർക്ക് . ഇതോടെ 7625 ആയി മുംബൈയിലെ രോഗബാധിതരുടെ എണ്ണം. ഇതുവരെ മരിച്ചത് 295 പേരാണ്. രോഗബാധിതരായി പൂനെയിൽ ഉള്ളത് 1860 പേരാണ് . ഇവിടെ മരണസംഖ്യ 99 ആയി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതിൽ 80 ശതമാനം പേർക്കും രോഗലക്ഷണം പ്രകടിപ്പിച്ചില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപേ പറഞ്ഞു.

രോഗവ്യാപനം വളരെ രൂക്ഷമായ മുംബൈയിൽ 55 വയസിന് മുകളിലുള്ള ജീവനക്കാരോട് രണ്ടാഴ്ച വീട്ടിൽ തന്നെ തുടരാനും, ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും , ബിഎംസി നിർദേശിച്ചു. മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗിയും മരിച്ചു. ഇതോടെ വൈറസിനെതിരെയുള്ള പ്ലാസ്മാ ചികിത്സ പരാജയപ്പെടുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി നാട്ടിലേക്ക് മടങ്ങാൻ നാസിക്കിൽ നിന്ന് ഭോപ്പാലിലെക്കും ലക്‌നൗവിലെക്കും ട്രെയിൻ സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.