അഞ്ച് ട്രെയിനുകൾ ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് പുറപ്പെട്ടു

0
386

ഇന്ന് അഞ്ച് ട്രെയിനുകളാണ്  അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനായി സംസ്ഥാനത്ത് നിന്ന് പുറപ്പെട്ടത് . ഇതിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലേക്കുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. എറണാകുളം, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ നിന്നായി 4 ട്രെയിനുകളും അന്യ സംസ്ഥാന തൊഴിലാളികളുമായി യാത്ര തിരിച്ചു.

1125 പേരാണ് തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡ് ഹാത്തിയയിലേക്കുള്ള പ്രത്യേക ട്രെയിനിൽ പുറപ്പെട്ടത്. നെടുമങ്ങാട്, മുക്കോല, പോത്തൻകോട്  എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ താത്കാലിക ക്യാമ്പുകളിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. ക്യാമ്പുകളിലും റെയിൽവേ സ്റ്റേഷനിലും ഇവരെ പരിശോധിച്ചു. യാത്രാ ടോക്കണും ആരോഗ്യസർട്ടിഫിക്കറ്റും നൽകിയത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് . സാമൂഹ്യ അകലം ഉറപ്പാക്കാനായി സെക്കന്റ് ക്ലാസ് കോച്ചുകളിൽ 36 പേരെയും സ്ലീപ്പർ കോച്ചുകളിൽ 54 പേരെയും  മാത്രമാണ് പ്രവേശിപ്പിച്ചത്.ഇതിൽ സൈഡ് സീറ്റുകളും  മിഡിൽ ബെർത്തുകളും ഒഴിച്ചിട്ടു.

കോഴിക്കോട് നിന്നുള്ള പ്രത്യേക ട്രെയിൻ പോകുന്നത് ഝാർഖണ്ഡിലെ ധൻബാദിലേക്കാണ് .1124 പേരാണ് 26 കോച്ചുകളുള്ള നോൺ സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ പോകുന്നത്. തിരൂരിൽ നിന്ന് പട്‌നയിലേക്കാണ് ട്രെയിൻ. ആലുവ, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽ നിന്ന് ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലേക്കാണ് സർവീസ്.

യാത്രയിൽ ആവശ്യമായ കുടിവെള്ളവും ഭക്ഷണ പാക്കറ്റുകളും മരുന്നും നൽകിയാണ് തൊഴിലാളികളെ കേരളം മടക്കി അയക്കുന്നത്. കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അടുത്ത ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെടും. ആറാം തീയതി കോട്ടയത്ത് നിന്നും പത്തിന് പത്തനംതിട്ടയിൽ നിന്ന് ബീഹാറിലേക്കും ട്രെയിനുണ്ടാകും. ഇടുക്കിയിൽ നിന്നുള്ളവർക്കായി പത്താം തീയതി ഝാർഖണ്ഡിലേക്കും പ്രത്യേക ട്രെയിനുണ്ടാകും.