ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട ജയിൽ (The most cursed prison in the world)

1
983

കൊടുംകുറ്റവാളികളും ഇവിടെ എത്തിയാൽ കരയും.
ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം. അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഈ വിശേഷണം.
അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്.

ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം. അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഈ വിശേഷണം. അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്. ഏറ്റവും ക്രൂരന്‍മാരായ കൊടുംകുറ്റവാളികളുടെ ഇടം. അമേരിക്കയിലെ ഏറ്റവും വലിയ ഈ സുരക്ഷാ ജയില്‍ എത്ര വലിയ കുറ്റവാളിക്കും പേടി സ്വപ്നമാണ് അംഗോള ജയില്‍. ജയിലില്‍ നടന്നിരുന്ന അക്രമവും കഠിനമായ തൊഴില്‍ സാഹചര്യങ്ങളുമാണ് അതിനെ ലോകത്തിലെ തന്നെ ഏറ്റവും ശപിക്കപ്പെട്ട ഒരു സ്ഥലമാക്കി മാറ്റിയത്.

1880 കളിലാണ് അംഗോള ജയിലിന്റെ ആരംഭം. മേജര്‍ സാമുവല്‍ ലോറന്‍സ് ജെയിംസാണ് ഇത് തുടങ്ങി വച്ചത്. 1830 കളില്‍ ഐസക് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയിലുള്ള 8,000 ഏക്കറോളം വരുന്ന തോട്ടമായിരുന്നു ഇത്. ഐസക് അടിമക്കച്ചവടക്കാരനും തോട്ടക്കാരനുമായിരുന്നു. തോട്ടത്തിലേക്ക് കൊണ്ടു വന്ന അടിമകളില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നുള്ളതു കൊണ്ടാണ് അദ്ദേഹം ഇതിന് ”അംഗോള” എന്ന് പേരിട്ടത്. പിന്നീടുള്ള 50 വര്‍ഷത്തിനുള്ളില്‍ തോട്ടത്തിന് ഒന്നിലധികം ഉടമകളുണ്ടായി. ഒടുവില്‍, ഇത് 1880 ല്‍ സാമുവല്‍ ലോറന്‍സ് ജെയിംസ് വാങ്ങുകയായിരുന്നു. കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് ആര്‍മിയുടെ (സിഎസ്എ) മുന്‍ ഉദ്യോഗസ്ഥനായിരുന്നു ജെയിംസ്.

തടവുകാരെ സൂക്ഷിക്കുന്നതിനായി ജെയിംസാണ് തോട്ടത്തെ ജയിലാക്കി മാറ്റിയത്. നിലവില്‍ 6,300 തടവുകാരാണ് ജയിലിലുള്ളത്. തടവുകാരെ നോക്കാനായി 1,800 ജീവനക്കാരുണ്ട്. ലൂസിയാന ഹൈവേ 66 ന്റെ അവസാന ഭാഗത്താണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. ജയിലിനെ ചുറ്റി മൂന്ന് വശത്തും മിസിസിപ്പി നദി ഒഴുകുന്നു. ജയിലില്‍ നിന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ വേട്ട നായ്കളെയാണ് ഇവിടെ കാവല്‍ നിര്‍ത്തിരിക്കുന്നത്.

മേജര്‍ ജെയിംസ് അതിക്രൂരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. കുറ്റവാളികളെ അയാള്‍ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും കൊടുംക്രൂരത കാണിക്കുകയും ചെയ്തിരുന്നു. കഠിനമായ സാഹചര്യങ്ങളില്‍ മരണം വരെ ജോലിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അയാള്‍ കുറ്റവാളികളോട് കാണിക്കുന്ന ക്രൂരതയുടെ കഥകള്‍ പുറം ലോകം അറിഞ്ഞതിനെ തുടര്‍ന്ന് ഭരണകൂടം ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ നിയമിച്ച വാര്‍ഡന്‍മാര്‍ ഒരു പോലെ നിയമം ദുരുപയോഗം ചെയ്യുന്നവരായിരുന്നു.

1950 കളിൽ 31 ജയിൽ തടവുകാരാണ് അംഗോളയിലെ കഠിനാധ്വാനത്തിനും ക്രൂരതയ്ക്കും എതിരായി ഉപ്പൂറ്റി മുറിച്ച് പ്രതിഷേധിച്ചത്. ഭ്രാന്തമായ ഈ പ്രതിഷേധത്തെക്കുറിച്ച് കേട്ട ശേഷം, ജഡ്ജി റോബർട്ട് കെന്നൻ കഠിനമായ തൊഴിൽ സാഹചര്യങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പു നൽകുകയും അതിനു ശേഷം പ്രതിഷേധം അവസാനിക്കുകയും ചെയ്തു.

1940 കളില്‍ മുന്‍ അംഗോള തടവുകാരനായ വില്യം സാഡ്ലര്‍ ജയിലിലെ മനുഷ്യത്വ രഹിതമായ ജീവിതത്തെ ചിത്രീകരിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പര എഴുതിയിരുന്നു. തടവുകാരെ തല്ലുന്നതിനായി മൂന്നടി നീളമുള്ള ചാട്ടവാറുമായി ചുറ്റി നടക്കുന്ന ഒരു വാര്‍ഡനെ അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. സാഡ്ലര്‍ എഴുതി, ”ഇത് നഗ്‌നനായ മനുഷ്യന്റെ പുറകില്‍ വെടിയുണ്ട പോലെ വന്നു വീണു. ഒന്ന്… രണ്ട്… മൂന്ന്… ഇരുപത്; എണ്ണം മുപ്പത് കവിഞ്ഞു… കുറ്റവാളി ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. കരുണയ്ക്കായി അപേക്ഷിച്ചു. അയാളുടെ ബോധം മറഞ്ഞിട്ടും ചാട്ടവാറടി വീണുകൊണ്ടിരുന്നു’.

1950 മുതല്‍ ജയിലിലെ അവസ്ഥ കൂടുതല്‍ മോശമായി തീര്‍ന്നു. തടവുകാരെ അനുസരിപ്പിക്കാന്‍ വൈദ്യുതക്കസേര വന്നു. 1991 ല്‍ 87 തടവുകാര്‍ വൈദ്യത കസേരയില്‍ കൊല്ലപ്പെട്ടു. അത് ഇപ്പോള്‍ അംഗോള മ്യൂസിയത്തില്‍ കാണാം. സജീവമായ ജയിലിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക ജയില്‍ മ്യൂസിയമാണ് അംഗോള മ്യൂസിയം. കുറ്റവാളികള്‍ രൂപകല്‍പ്പന ചെയ്ത നിരവധി ആയുധങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശത്തിന് വച്ചിട്ടുണ്ട്. വിവിധ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നിരവധി കത്തികളും മെറ്റല്‍ പൈപ്പുകളില്‍ നിന്ന് നിര്‍മ്മിച്ച ഒരു ഷോട്ട്ഗണും അതില്‍ ഉള്‍പ്പെടുന്നു. ഒരു ചങ്ങലയില്‍ കൊരുത്ത മുളളുകള്‍ കൊണ്ടുള്ള ഒരു പന്ത്, രണ്ട് മധ്യകാല കൊടുവാളുകള്‍ എന്നിവയും അവിടെ സന്ദര്‍ശകര്‍ക്ക് കാണാം. അംഗോള ജയിലിന്റെ അക്രമാസക്തമായ ഭൂതകാലത്തിന് ഇതിലും നല്ല തെളിവ് വേണ്ട.

ലൂസിയാനയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികള്‍ എല്ലാവരും വന്നു ചേരുന്നത് ഇവിടെയാണ്. 70 കളുടെ തുടക്കത്തില്‍, ഓരോ വര്‍ഷവും ശരാശരി
12 തടവുകാരെങ്കിലും കത്തിമുനയില്‍ തീരുമായിരുന്നു. 1992-ല്‍ ജയിലില്‍ 1,346 ആക്രമണങ്ങളാണ് നടന്നത്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരാണ് കൂടുതലും.

അംഗോളയിലെ മറ്റൊരു പ്രത്യേകത അവിടെ കുറ്റവാളികള്‍ക്കായി ഒരു ശ്മശാനവും ഉണ്ട് എന്നതാണ്. അംഗോളയില്‍ മരിക്കുന്ന തടവുകാരില്‍ പകുതിയോളം പേരെ ജയില്‍ മൈതാനത്താണ് അടക്കം ചെയ്യുന്നത്. ആ ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്നത് കുറ്റവാളികള്‍ തന്നെയാണ്. തങ്ങളുടെ മരണത്തിനായുള്ള ശവപ്പെട്ടികള്‍ സ്വയം നിര്‍മ്മിക്കുന്നവരാണവര്‍.

മനുഷ്യരാണ് എന്ന സാമാന്യ പരിഗണന പോലും നല്‍കാത്ത ജയിലില്‍, രോഗികളായ കുറ്റവാളികളുടെ അവസ്ഥ ശോചനീയമായിരുന്നു. കിടക്കയില്‍ കിടക്കുന്ന തടവുകാര്‍ പലപ്പോഴും സ്വന്തം മലത്തില്‍ കിടന്നു അഴുകി മരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. അടിസ്ഥാന ആരോഗ്യ സംരക്ഷണം ഇല്ലാത്തതിന്റെ പേരില്‍ നൂറുകണക്കിന് തടവുകാര്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും രോഗങ്ങളും ഉണ്ടായി.

ഏറ്റവും ഭയാനകമായ, നരക തുല്യമായ പീഢനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അംഗോള ജയില്‍ ഇന്നും പൈശാചികമായ ഭൂതകാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നു. ഇപ്പോഴും, ആയിരക്കണക്കിന് തടവുകാരുടെ വാസസ്ഥലമാണിത്, അവര്‍ ഒരിക്കലും മതിലുകള്‍ക്ക് പുറത്തുള്ള ഒരു ജീവിതം സ്വപ്നം കാണാന്‍ അനുവാദമില്ലാത്തവരാണ്. ദുഷിച്ച ജീവിത സാഹചര്യത്തില്‍ സ്വയം അഴുകി തീരാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍. ഇപ്പോള്‍ പക്ഷെ സാഹചര്യങ്ങള്‍ കുറച്ചൊക്കെ ഭേദപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

കടപ്പാട്