രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാൻ ഇരിക്കെ അന്ന് മുതൽ വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ലോക്ക്ഡൗണ്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടണമെന്ന നിര്‍ദേശമാണ് ഈ ചര്‍ച്ചയില്‍ പല സംസ്ഥാനങ്ങളും മുന്നോട്ടുവച്ചത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്.
പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മെയ് 16 ഓടെ മാത്രമേ രാജ്യത്ത് രോഗ വ്യാപനം നിയന്ത്രണത്തിലെത്തുവെന്നാണ് അറിയിച്ചത്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിഭാഗം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.
കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്നിരുന്നു. രണ്ടാഴ്ചയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശവും. ഇതോടെയാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാമെന്ന തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്.