സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്‍ട്ടിന്‍ (ന്യൂസ് 24 നു നൽകിയ അഭിമുഖത്തിൽ നിന്നും)

0
407

സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. സ്വന്തമായി പണം ഉണ്ടാക്കി കഴിഞ്ഞ് എന്നെങ്കിലും ഒരു കൈ നോക്കാമെന്ന് പ്രതീക്ഷയുണ്ട്. സിനിമ നിര്‍മാണത്തിന്റെ പിന്‍ബലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുത്തച്ഛന്‍ എണ്‍പതുകളിലെ നിര്‍മാതാവായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. ട്വന്റിഫോറില്‍ ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രയാഗ. പുതിയ ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ വിശേഷങ്ങളും പ്രയാഗ പങ്കുവച്ചു.

വ്യത്യസ്തമായ കഥ

ഒരു സ്വകാര്യം ഒളിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. സ്‌നേഹത്തെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. ഷൈജു അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മതത്തിന് മേലെയാണ് സ്‌നേഹം നിലനില്‍ക്കേണ്ടതെന്നതാണ് കഥ ചര്‍ച്ച ചെയ്യുന്നത്. വിവാദ വിഷയമായതിനാല്‍ തന്നെ ചീത്തവിളി കേള്‍ക്കുമെന്ന് ഭയന്നാണ് സിനിമ റിലീസ് ചെയ്തപ്പോള്‍ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ എല്ലാവരും കൈനീട്ടി സ്വീകരിച്ചുവെന്നും പ്രയാഗ പറഞ്ഞു.

സിനിമയാണ് ഏറെ താത്പര്യം

അഭിനയിക്കുകയെന്നത് ചെറുപ്പം മുതല്‍ താത്പര്യമുള്ള കാര്യമാണ്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ബാല താരമായി എത്തിയിരുന്നു. അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. 12 ാം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴാണ് തമിഴ് സിനിമയിലേക്ക് എത്തിയത്. അവിടെനിന്നാണ് സിനിമ സീരിയസായി എടുത്തത്. സിനിമയിലെ ആദ്യ സ്റ്റേപ്പ് ലാലേട്ടന്റെ കൂടെയാണ്. ആദ്യ സ്റ്റേജ് ഷോയും ആദ്യ ഗാനവും ലാലേട്ടനൊപ്പമായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.

ഏറെ ഇഷ്ടമുള്ള ചിത്രം

അഭിനിയിച്ചതില്‍ ഏറെ ഇഷ്ടമായ ചിത്രം ഭൂമിയിലെ മനോഹര സ്വപ്‌നമാണ്. വലിയ അപകടം പിടിച്ച സിനിമയാണ്. സാധാരണക്കാരുടെ പ്രണയം എല്ലാവരും കണ്ടിട്ടുണ്ട്. എങ്ങാല്‍ വ്യത്യസ്തമായ ഒരു പ്രണയമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊരു കഥ ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ അഭിനയിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു ബോംബ് കഥ, എന്നിവയൊക്കെ ഏറെ ഇഷ്ടമുള്ള സിനിമകളാണെന്നും പ്രയാഗ പറഞ്ഞു.

എ ആര്‍ റഹ്മാനെ ഇഷ്ടം

സംഗീത സംവിധായകരില്‍ ഏറെ ഇഷ്ടം എ ആര്‍ റഹ്മാനെയാണ്. പാട്ട് കേള്‍ക്കാന്‍ ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ പാട്ട് പാടണമെന്നും ആഗ്രഹമുണ്ടെന്നും പ്രയാഗ പറഞ്ഞു.

ഭൂമിയിലെ മനോഹര സ്വകാര്യം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനുമാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സച്ചിന്‍ ബാലുവാണ് സംഗീതം.

കടപ്പാട് : ന്യൂസ് 24