നടന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു

0
328

പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു. മുവാറ്റുപുഴ മേക്കടമ്പില്‍ വെച്ചായിരുന്നു വാഹനാപകടം.
മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ബേസിലിനൊപ്പമുണ്ടായിരുന്ന നിധിന്‍ (35), അശ്വിന്‍ (29) എന്നിവരും മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍.

ലിതീഷ് (30), സാഗര്‍ (19), ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരുക്ക്. വാളകത്തും സമീപപ്രദേശത്തമുള്ളവരാണ് മറ്റുള്ളവര്‍. മരിച്ചവരും പരിക്കേറ്റവരും കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.

കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. മേക്കടമ്പ് പള്ളിത്താഴത്ത് കൊങ്ങണത്തില്‍ ജോയിയുടെ കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.

കോലഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു കടയിലേക്കും തൊട്ടുചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.