ഏഴാം തീയതി മുതൽ പ്രവാസികളെ മടക്കിയെത്തിക്കും; കേന്ദ്രം വിജ്ഞാപനമിറക്കി

0
522

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കി. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ് നിബന്ധന. മടങ്ങി എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധന വെച്ചിട്ടുണ്ട്.

എത്ര പേരെ മടക്കി അയക്കണം എന്നതടക്കമുള്ള കാര്യങ്ങൾ എംബസികളാവും തീരുമാനിക്കുക. ഗൾഫ് മേഖലകളിൽ നിന്നുള്ളവരെ വിമാനങ്ങളിൽ തന്നെ എത്തിക്കും. മാലിദ്വീപ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കപ്പൽ മാർഗവും പ്രവാസികളെ നാട്ടിലെത്തിക്കും. മാലിയിൽ നിന്നുള്ള കപ്പൽ അടുത്താഴ്ച കൊച്ചിയിലെത്തുമെന്ന് കേന്ദ്രം രാവിലെ അറിയിച്ചിരുന്നു

ഗൾഫിൽ നിന്നുള്ളവർക്കായി പ്രതിദിന വിമാന സർവീസുകൾ ഉണ്ടാവുമെന്നാണ് വിവരം. 14 ദിവസങ്ങൾക്ക് ശേഷം ഇവരുടെ കൊവിഡ് പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്താൻ അത്യാവശ്യമുള്ളവരെയാവും ആദ്യം എത്തിക്കുക.

നോർക്ക വഴി മാത്രം നാലു ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റർ ചെയ്ത ആളുകളെയാണ് ആദ്യം തിരികെ കൊണ്ടുവരിക. രണ്ട് ലക്ഷം പേർ മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്.