ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,64,263 മലയാളികൾ; കൂടുതൽ പേരും കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ

0
334

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,64,263 മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

28,222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. ഇന്ന് ഉച്ച വരെ 515 പേർ വിവിധ ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിൽ എത്തി. നോർക്ക വഴി രജിസ്റ്റർ ചെയതർവർക്ക് മുൻഗണനാക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കാൻ ക്രമീകരണം നടത്തിയിട്ടുണ്ട്

കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികൾക്ക് പോകാൻ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി. ഈ ട്രെയിനുകളിൽ സംസ്ഥാനത്തേക്ക് വരേണ്ടവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ അനുവദിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.