പ്രശസ്ത ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു

0
451

ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോളൻ അണുബാധയെ തുടർന്ന് ആശുപത്രയിലായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്. 

സംവിധായകനും നിർമാതാവുമായ സൂജിത്ത് സർക്കാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം.  2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.