അതിഥി തൊഴിലാളി: നാളെ (മെയ് 4) ജില്ലയിൽ നിന്നുള്ള ആദ്യ ടെയിൻ

0
303

ആലപ്പുഴ : അതിഥി തൊഴിലാളികളെയും കൊണ്ട് ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ നാളെ (മെയ് 4).  ബീഹാറിലെ കത്തിഹാറിലേക്കുള്ള 1140 അതിഥി തൊഴിലാളികളെയും കൊണ്ട് ട്രെയിൻ നാളെ വൈകിട്ട് പുറപ്പെടും. ഓപ്പറേഷൻ സ്നേഹയാത്ര എന്ന് പേരിട്ടിട്ടുള്ള യാത്രയ്ക്കുള്ള  തയ്യാറെടുപ്പുകൾ ജില്ലയിൽ പൂർത്തിയായി വരുന്നു.  ടിക്കറ്റിനുള്ള തുക നല്കി യാത്ര ചെയ്യാൻ തയ്യാറുള്ള അതിഥി തൊഴിലാളികളെയും കൊണ്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിൻയാത്ര ഒരുക്കിയിരിക്കുന്നത്.  മാവേലിക്കര നിന്ന്  ഉച്ചയ്ക്ക് 12 മണിയോടെ  21 കെഎസ്ആർടിസി ബസുകളിലും അമ്പലപ്പുഴ നിന്ന്  ഉച്ചയ്ക്ക് ഒരു മണിയോടെ 23 കെഎസ്ആർടിസി ബസ്സുകളിലും ആയാണ് അതിഥി തൊഴിലാളികളെ റെയിൽവേസ്റ്റേഷനിൽ എത്തിക്കുക.  ഒരു കെഎസ്ആർടിസി ബസിൽ 27 പേർ വീതമാണ് യാത്ര ചെയ്യുക.

റവന്യൂ, പോലീസ്, ലേബർ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് ആണ് പോകാൻ തയ്യാറുള്ള തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

ടിക്കറ്റിനുള്ള തുക നൽകി തിരിച്ചു പോകാൻ തയ്യാറുള്ള തൊഴിലാളികളെ പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്നു.

ടിക്കറ്റ്, ഭക്ഷണക്കിറ്റ് എന്നിവ നല്‍കി ഇവരെ ബസ്സില്‍ കയറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കും.  യാത്രക്കാരുടെ  ട്രെയിൻ ബോഗി നമ്പറുകൾ അനുസരിച്ചായിരിക്കും കെഎസ്ആർടിസി ബസ്സിൽ കയറ്റുക.  ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമായിരിക്കും ട്രെയിനിലും ബസ്സിലും ‍ ഉണ്ടാവുക. കൂടാതെ മാസ്ക് നിര്‍ബന്ധമാണ്. ഒരു തരത്തിലും കൂട്ടം കൂടാതിരിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്കുള്ള ടിക്കറ്റ്, യാത്രാവേളയില്‍  രണ്ടുനേരമെങ്കിലും കഴിക്കാനുള്ള ഭക്ഷണം എന്നിവ സഹിതമാണ് ഇവര്‍ യാത്രചെയ്യുക. ചപ്പാത്തി, ഏത്തപ്പഴം, ബ്രെഡ്, അച്ചാർ,  സവാള, പച്ചമുളക്, വെള്ളം തുടങ്ങി ഇവർക്ക് യാത്രക്കുള്ള ഭക്ഷണം തഹസിൽദാർമാരുടെ  നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്.

യാത്രയുടെ മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൻറെ ഭാഗമായി ജില്ലാ കലക്ടർ എം അഞ്ജന,  പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മാവേലിക്കര, അമ്പലപ്പുഴ മേഖലകളിലെ ബോർഡിങ് പോയിൻറുകൾ  സന്ദർശിച്ചു.