തിരുവനന്തപുരം : കൊറോണ പടരാതിരിക്കാന്‍ സമൂഹത്തിനു വേണ്ടി സ്വയം നിയന്ത്രിച്ച് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും അനിവാര്യം മാനസികാരോഗ്യമാണ്. ഇത്തരത്തിലുളളവര്‍ക്ക് സഹായകരമാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഹെല്‍പ് ലൈന്‍. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഫോണിലൂടെ ബന്ധപ്പെട്ട് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നു. രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെ 9846854844 എന്ന നമ്പര്‍ വഴി ഈ സേവനം ലഭ്യമാണ്. മുഴുവന്‍ സമയ ഹെല്‍പ് ലൈന്‍ ‘ദിശ’ നമ്പര്‍ ആയ 1056 വഴിയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ പ്രധാനമായും നേരിടുന്ന പ്രശ്നം സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാടാണ്. കൂടാതെ ഏകാന്തത, പിരിമുറുക്കം, ദുഷ്പ്രചാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന വിഷമം എന്നിവയുമുണ്ട്. ഇത്തരത്തില്‍ ഉള്ളവരെ മൂന്ന് വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗങ്ങളിലും ഉള്ളവരെ വിലയിരുത്തി അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ കൗണ്‍സലിംഗ്, കൃത്യമായ വിവരങ്ങള്‍, മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വ്യായാമ മുറകള്‍ എന്നിവയും നല്‍കുന്നു. ക്വാറന്റൈനില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിഗണനയാണ് ഇവര്‍ നല്‍കുന്നത്.
ക്വാറന്റൈനില്‍ കഴിയുന്നവരെ കൂടാതെ പൊതുജനങ്ങള്‍ക്കുള്ള അവബോധവും ഹെല്‍പ് ലൈന്‍ ചെയ്തുവരുന്നു. ഇത് ക്വാറന്റൈനില്‍ കഴിയുന്നവരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ സഹായകരമാണ്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരെ നിരീക്ഷിച്ചു അവര്‍ക്കെതിരെ സൈബര്‍സെല്‍ വഴി നടപടിയും സ്വീകരിക്കുന്നു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍, പ്രൊജക്റ്റ് ഓഫീസര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ ഉള്‍പ്പടെ ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഹെല്‍പ് ലൈനില്‍ പ്രവര്‍ത്തിക്കുന്നത്.