സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 401 പേർ; ഇനി 95 പേർ മാത്രം ചികിത്സയിൽ

0
287

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. 95 പേർ മാത്രമാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ നിയന്ത്രണാതീതമായി വർധിക്കുകയും മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മരണനിരക്ക് ഉയരുകയും ചെയ്യുമ്പോഴും കേരളത്തിൽ രോഗത്തെ പിടിച്ചുനിർത്താനായെന്നത് ആശ്വാസകരമാണ്. രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തിക്കാനും ആരോഗ്യവകുപ്പിന് സാധിച്ചു.

വിവിധ ജില്ലകളിലായി 21720 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 21332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലുമാണ്. ഇന്ന് 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 32,217 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിൽ 31,611 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1683 എണ്ണവും നെഗറ്റീവായി.