മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ക്രൂരമർദ്ദനം; യു.പി പൊലീസിന്റെ വീഡിയോ പ്രചരിക്കുന്നു

0
420

ഗ്രാമീണരെ ശല്യം ചെയ്തെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തർപ്രദേശ് പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവ് ജില്ലയിലാണ് സംഭവം.

രണ്ടര മിനിറ്റ് നീളുന്ന വീഡിയോയില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് വിധേയമാകുന്നുണ്ട്. സമാജ് വാദി പാർട്ടിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എന്നാൽ ലഹരിക്കടിമയായ യുവാവ് ഗ്രാമീണരെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയതെന്നും യുവാവ് വിസമ്മതിച്ചതോടെയാണ് ബലം പ്രയോ​ഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

യുവാവ് രണ്ട് വര്‍ഷം മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.